തിരുവനന്തപുരം: അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുത്തന്‍കുരിശില്‍ നടക്കും. യാക്കോബായ സഭാ അധ്യക്ഷന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഇന്ന് രാത്രി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കും. രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും.

നാളെ വൈകീട്ട് 4 മുതല്‍ ശനിയാഴ്ച വൈകിട്ട് മൂന്ന് വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് ശനിയാഴ്ച 3 മണിക്ക് ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും. പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്ത് സംസ്‌കാരം നടത്തും. ആറ് മാസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ടാണ് മരണമടഞ്ഞത്.

മുഖ്യമന്ത്രിയുടെ അനുശോചനം

ഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സഭയുടെ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവ മേല്‍പട്ടക്കാരില്‍ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിര്‍ന്ന പിതാക്കന്മാരില്‍ ഒരാളായിരുന്നു. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും സംവാദത്തിന്റെ മേഖലയിലും സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലും സമഗ്രമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

പ്രതിപക്ഷ നേതാവിന്റെ അനുശോചനം

സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേതെന്ന് പ്രതിപക്ഷ നേതാവ് അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ബലത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ടെന്നും വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.