തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. ആശുപത്രിയുടെ പലഭാഗങ്ങളിലും വെള്ളം കയറിയതോടെ രോഗികള്‍ക്ക് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായി.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററിന് സമീപം മേല്‍ക്കൂരയുടെ പണിയുമായി ബന്ധപ്പെട്ട കല്ലും മണ്ണും സമീപത്തെ ഓടയിലാണ് തൊഴിലാളികള്‍ നിക്ഷേപിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴ ഒരുമണിക്കൂര്‍ നീണ്ടുനിന്നതോടെ ആശുപത്രിക്ക് ഉള്ളിലേയ്ക്ക് വെള്ളം കയറി. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി ഓടയിലെ മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴിക്കിവിട്ടു. പിന്നാലെ അധികൃതര്‍ ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയോടെ കുറച്ചുനേരം മഴ പെയ്തപ്പോള്‍ത്തന്നെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍ ഉള്‍പ്പടെ ചെറിയരീതിയില്‍ വെള്ളക്കെട്ടുണ്ടായി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടായി. കഴക്കൂട്ടത്ത് വീടുകളില്‍ വെള്ളം കയറി. അടുത്ത ദിവസങ്ങളിലും ജില്ലയില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നെടുമങ്ങാട് തിങ്കളാഴ്ച 18-കാരന്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. തിരിച്ചിട്ടപാറയിലാണ് ഇടി മിന്നലേറ്റ് യുവാവ് മരിച്ചത്.ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുന്‍. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്‍ക്കുന്ന സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു.