തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന. റാന്നി സ്വദേശി ഹരിലാലിന്റെ ഫോണില്‍ നിന്നുമാണ് എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്.

വൈകുന്നേരത്തോടെയാണ് എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. ട്രെയിനുകളില്‍ ചിലതില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ റാന്നി സ്വദേശി ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി.

ഹരിലാലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നു. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്. ഇയാളെ പിടികൂടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തന്റെ കാശ് മുഴുവന്‍ പോയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും പറഞ്ഞത്. ഇയാള്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്.

അതേസമയം, പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാള്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തട്ടുകടയില്‍ ജോലിക്ക് വന്നയാളാണ് ഹരിലാല്‍ എന്നാണ് വിവരം.

ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തിയിരുന്നു. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ട്രെയിനുകളിലും പരിശോധന നടത്തി വരികയാണ്.