തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജീന്‍സന്‍ രാജ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മഴുവും അവശിഷ്ടങ്ങളുമടക്കം 13 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. കേഡലിനെ അറിയാമെന്നും അയല്‍ സാക്ഷികള്‍ ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ മൊഴി നല്‍കി. സംഭവ ദിവസം മരിച്ചവരോടൊപ്പം വീട്ടില്‍ അവസാനമായി കേഡല്‍ മാത്രമാണുണ്ടായിരുന്നതന്നും മൊഴി നല്‍കി. ഏഴ് സാക്ഷികളെ ഇന്നലെ വിസ്തരിച്ചു.

വില്ലേജ് ഓഫിസര്‍ തയ്യാറാക്കിയ ക്രൈം സീന്‍ പ്ലാന്‍, കൃത്യ സ്ഥല മഹസര്‍, തഹസില്‍ദാര്‍ സമര്‍പ്പിച്ച ബന്ധുത്വ സാക്ഷ്യപത്രം, കേഡലിന്റെ പിതാവിന്റെ പേരിലുള്ള കോര്‍പറേഷന്‍ കെട്ടിട ഉടമസ്ഥതാ സാക്ഷ്യപത്രമടക്കം ഏഴ് രേഖകള്‍ കോടതി തെളിവായി സ്വീകരിച്ചു. സാക്ഷികള്‍ തിരിച്ചറിഞ്ഞ 13 തൊണ്ടി മുതലുകളും തെളിവായി സ്വീകരിച്ചു. വിചാരണയ്ക്കിടെ കേഡല്‍ ശാന്തനായിരുന്നു. 10 സാക്ഷികളെ നാളെ വിസ്തരിക്കും. കേസില്‍ അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. ഡിസംബര്‍ 10 വരെ ഔദ്യോഗിക, സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെയാണ് ജഡ്ജി കെ വിഷ്ണു വിസ്തരിക്കുക.

ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) കഴിഞ്ഞിരുന്നയാളുമായ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് എതിരെ അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക - സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.