തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പെടെയുള്ള പഠന കാര്യങ്ങള്‍ വാട്ട്സാപ്പ്പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പെടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് ഗുണകരമല്ലെന്നാണ് കമ്മിഷന്റെ നിര്‍ദേശം.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണം.

പഠനകാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് കുട്ടികള്‍ക്ക് അധികഭാരവും പ്രിന്റെടുത്ത് പഠിക്കുന്നത് സാമ്പത്തികഭാരത്തിനും ഇടയാക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.