ആലപ്പുഴ: മുസ്ലിം ലീഗും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വര്‍ഗീയ നിലപാട് എടുത്തു. മതനിരപേക്ഷ നിലപാട് ലീഗ് മറന്നുവെന്നും മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ഏകോപനം നടത്താന്‍ ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മതനിരപേക്ഷത പറഞ്ഞ ശേഷം വര്‍ഗീയ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയത്? നാല് വോട്ടിനു വേണ്ടി എല്‍ഡിഎഫ് നിലപാട് പണയം വയ്ക്കില്ല. മുസ്ലിം ലീഗിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്.

പാര്‍ട്ടിയും സര്‍ക്കാരും അതില്‍ ഉറച്ചുനില്‍ക്കുന്നു. ലീഗിന്റെ വര്‍ഗീയ നിലപാടിനെ ശക്തമായി എതിര്‍ക്കും. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ എന്ന് പറഞ്ഞ് ലീഗിന്റെ വര്‍ഗീയ നിലപാടിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ അവരും കാണിക്കുന്നത് വര്‍ഗീയതയാണ്. ഈ തറ ഏര്‍പ്പാട് കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും മുസ്ലിം ലീഗും ആയി വ്യത്യാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.