- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് അംഗീകൃത ശേഷിയെക്കാള്‍ ഇരട്ടിയോളം തടവുകാരെ; നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
അംഗീകൃത ശേഷിയെക്കാള്‍ തടവുകാരെ പാര്‍പ്പിക്കുന്നത് നിയമ വിരുദ്ധം
തൃശൂര്‍: അംഗീകൃത ശേഷിയെക്കാള്‍ ഇരട്ടിയോളം തടവുകാരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ സക്കീര്‍ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തന്‍കുരിശ് സ്വദേശിയുമായ ആഷിക്ക് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.
സെന്‍ട്രല്‍ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകുന്നതിനാവശ്യമായ പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാത്തത് കമ്മീഷന്‍ ഗൗരവമായി കാണും. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജയില്‍ ഡയറക്ടര്‍ ജനറലും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പരാതി ജനുവരി 23ന് പരിഗണിക്കും.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണും ജില്ലാ പോലീസ് മേധാവിയും നിയോഗിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനുവരി 23 ന് നടക്കുന്ന സിറ്റിംഗില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. തടവുകാരന് യഥാസമയം ചികിത്സ നല്‍കാറുണ്ടെന്നും എന്നാല്‍ എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേര്‍ തിങ്ങി പാര്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ഐ.എ തടവുകാര്‍, മാവോയിസ്റ്റുകള്‍, സ്ഥിരം കുറ്റവാളികള്‍, മാനസികരോഗികള്‍ എന്നിവര്‍ക്ക് നിരന്തര നിരീക്ഷണം ആവശ്യമാണ്.
ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാല്‍ ഏകദേശം 1068 അന്തേവാസികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി അന്തേവാസികള്‍ ജയിലിലുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാല്‍ 117 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.