കൊല്ലം: കഴിഞ്ഞ എട്ടുവര്‍ഷത്തെ ഇടതുഭരണത്തിന് കീഴില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായി മാറിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ആരോപിച്ചു. തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറികള്‍ സ്ഥിരമായി അടഞ്ഞുകിടക്കുന്നത് മൂലം മിക്ക തൊഴിലാളികള്‍ക്കും ഇ എസ് ഐ ചികിത്സാ സഹായവും അനുബന്ധ ഇ എസ് ഐ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു. ഇത് ചോദ്യം ചെയ്യുന്ന തൊഴിലാളികളെ കോര്‍പ്പറേഷന്‍ ശത്രുക്കളായി കാണുന്നു. ആറുമാസത്തിനിടയില്‍ 78 ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇ എസ് ഐ ആനുകൂല്യം ലഭ്യമാകൂ എന്നതാണ് നിയമം. എന്നാല്‍ തൊഴിലാളികള്‍ക്ക് 78 ഹാജര്‍ നേടുന്ന തരത്തില്‍ തൊഴില്‍ ക്രമീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. ഇക്കഴിഞ്ഞ ഒന്നരമാസമായി തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടിട്ട്. തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാതെ എങ്ങനെയാണ് തൊഴിലാളിക്ക് തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ കഴിയുന്നത് എന്നും വിഷ്ണു സുനില്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ച ഉപരോധ സമരത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അസൈന്‍ പള്ളിമുക്ക്, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന ഹര്‍ഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവില്‍, ഐശ്വര്യ, ബിനോയ് ഷാനൂര്‍,കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജു ഷമീര്‍ ചാത്തനാംകുളം, നെസ്മല്‍ കലത്തിക്കാട്, ഗോകുല്‍ കടപ്പാക്കട,ഡിറ്റു, മണ്ഡലം പ്രസിഡന്റുമാരായ ഹര്‍ഷാദ് മുതിരപ്പറമ്പ്, അജ്മല്‍, ഷിബു, സെയ്താലി മുണ്ടക്കല്‍, രമേശ് കടപ്പാക്കട, അഭിഷേക് ഗോപന്‍ മങ്ങാട്, ജയന്‍ കൊറ്റംകര, എബിന്‍ കടവൂര്‍, ഉനൈസ് ചാത്തനാംകുളം, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അധികൃതരുമായി പോലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബര്‍ 10 ഓടുകൂടി ഫാക്ടറികള്‍ ജോലി ആരംഭിക്കാം എന്ന് ഉറപ്പു ലഭിച്ചതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ പറഞ്ഞു. അല്ലാത്തപക്ഷം ഫാക്ടറികള്‍ തുറക്കുന്നത് വരെ നിരന്തര സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് മുന്നറിയിപ്പു നല്‍കി.