ആലുവ: ആലുവ പറവൂര്‍ക്കവലയിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ആലുവ യു സി കോളേജിന് സമീപം മില്ലുംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം അയിരൂര്‍പാടം വിമലാലയം വീട്ടില്‍ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാര്‍ (32) എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത സമീപവാസിയേയുമാണ് ആലുവ പോലീസ് പിടികൂടിയത്.

21ന് പുലര്‍ച്ചെയാണ് പറവൂര്‍ കവലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. പരിസരവാസിയായ പ്രായപൂര്‍ത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവര്‍ക്ക് കാണിച്ചുകൊടുത്തത്. മോഷണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നു. സ്വര്‍ണ്ണം ആലുവയിലെ ഒരു സ്ഥാപനത്തില്‍ വിറ്റതിനു ശേഷം പണം രണ്ടുപേരും വീതിച്ചെടുത്തു ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനും ആണ് ഇവര്‍ ഈ പണം നിയോഗിച്ചതെന്ന് പോലീസിനോട് പറഞ്ഞു വിവേകിനും രഞ്ജിത്തിനും സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്.

വിവേക് മാര്‍ച്ചിലും, രഞ്ജിത്ത് ജൂലൈയിലും ആണ് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ കണ്ടുവയ്ക്കും. പുലര്‍ച്ചയാണ് മിക്കവാറും സ്ഥലങ്ങളില്‍ മോഷണം നടത്തുന്നത് . പറവൂര്‍ക്കവലയില്‍ മോഷ്ടിച്ചതിനു ശേഷം ബിനാനിപുരം ഭാഗത്തും പരിസരങ്ങളിലും ഇവര്‍ മോഷണശ്രമം നടത്തിയിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മോഷ്ടാക്കളെ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ സാഹസികമായാണ് പോലീസ് കീഴടക്കിയത്.

ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ് , എസ്.ഐമാരായ എസ്.എസ് ശ്രീ'ലാല്‍, താജ് വര്‍ഗീസ്, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍ ,കെ .എം മനോജ് , വി.എ അഫ്‌സല്‍, കെ.എ സിറാജുദീന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് മോഷ്ടക്കളേയും റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതോടെ അടുത്ത കാലത്ത് ആലുവയില്‍ നടന്ന മോഷണക്കേസുകളിലെ ഭൂരിഭാഗം പ്രതികളും പിടിയിലായി.