കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ അഗ്‌നിബാധ. ആപ്പിള്‍ റസിഡന്‍സിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ 12 മണിയോടെ അഗ്‌നിബാധയുണ്ടായത്. ഹോട്ടലിലെ ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മുറിയിലെ എ.സിയും വയറിങ്ങും കത്തിനശിച്ചു.

ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലാണ് തീപടര്‍ന്നത്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഹോട്ടലില്‍ 134 മുറികളുണ്ട്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. കൊച്ചി നഗരത്തെ ആശങ്കയിലാക്കിയാണ് രണ്ടിടങ്ങളിലായി ഞായറാഴ്ച പുലര്‍ച്ചെ വലിയ അഗ്‌നിബാധയുണ്ടായത്.

കൊച്ചി സൗത്ത് മേല്‍പ്പാലത്തിന് സമീപമുള്ള ആക്രി ഗോഡൗണില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ അഗ്നിബാധയുണ്ടായി. റെയില്‍വേ ട്രാക്കിന് സമീപത്തേക്കും തീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നെങ്കിലും രണ്ടു മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. സമീപത്തെ വൈദ്യത ലൈനിലേക്കും തീ പടര്‍ന്നു.

അഗ്‌നിബാധയെ തുടര്‍ന്ന് ഗോഡൗണില്‍ ഉണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഗോഡൗണില്‍ അഗ്‌നിരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 15 യൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും എത്തി നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജനവാസ മേഖലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വീടുകള്‍, ഫ്ലാറ്റുകള്‍, വനിതാ ഹോസ്റ്റല്‍ തുടങ്ങിയവ ഇതിന് സമീപത്ത് ഉണ്ടായിരുന്നു. സമീപപ്രദേശമുള്ള ആളുകള്‍ ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപ്പിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഗോഡൗണിനു ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും ഉണ്ടായിരുന്നില്ല.