തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, യുഎന്‍ വിമെന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ആഗോള വനിതാ സമ്മേളനത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇതാദ്യമായാണ് ലിംഗസമത്വ-ഉത്തരവാദിത്ത ടൂറിസം സമ്മേളനം സംഘടിപ്പിക്കുന്നത്.

ടൂറിസം വ്യവസായത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് ഈ രംഗത്തേക്ക് വരാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി അന്താരാഷ്ട്ര വനിതാ കൂട്ടായ്മയ്ക്ക് കേരളം മുന്‍കയ്യെടുക്കും. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിലവിലുള്ള വനിതാസൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ലിംഗസമത്വ ഓഡിറ്റ് നടത്താനും യോഗത്തില്‍ ധാരണയായി.

ദേവികുളം എംഎല്‍എ എ രാജ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹാരോള്‍ഡ് ഗുഡ് വിന്‍, യുഎന്‍ വിമന്‍ ഇന്ത്യ മേധാവി സൂസന്‍ ഫെര്‍ഗൂസന്‍, ആര്‍ടിമിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ തുടങ്ങി അന്താരാഷ്ട്ര വിദഗ്ധരടക്കം നാല്‍പതോളം പ്രഭാഷകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.