മൂന്നാര്‍: ഇടമലക്കുടിയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള റേഷനില്‍ നിന്നു 10,000 കിലോ (10 ടണ്‍) അരി സ്വകാര്യവിപണിയില്‍ മറിച്ചുവിറ്റു. പെട്ടിമുടിയിലെ ഗോഡൗണിലുള്ള സ്റ്റോക്കില്‍ 10 ടണ്ണിലധികം അരിയുടെ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു സ്റ്റോര്‍ കീപ്പര്‍മാരായ 2 പേരെ ചുമതലയില്‍ നിന്നു നീക്കി. ഗിരിജന്‍ സൊസൈറ്റി മുന്‍ സെക്രട്ടറിയെയും സഹോദരനെയുമാണു നീക്കിയത്.

സിവില്‍ സപ്ലൈസ് വകുപ്പിലെ ചില താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണു സൂചന. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കു നവംബറിലെ റേഷന്‍ തടസ്സപ്പെട്ടെന്നു കാട്ടി ശനിയാഴ്ച 'മനോരമ' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നു കലക്ടര്‍ വി.വിഘ്‌നേശ്വരി ഇടപെട്ട് അരി എത്തിക്കാന്‍ നടപടിയെടുത്തു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോടു സ്ഥലത്തെത്തി അന്വേഷണം നടത്താനും നിര്‍ദേശം നല്‍കി.

ദേവികുളം താലൂക്ക് സപ്ലൈ ഓഫിസര്‍ സഞ്ജയ് നാഥന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജന്‍ സൊസൈറ്റി അധികൃതര്‍ എന്നിവര്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണു ക്രമക്കേടു കണ്ടെത്തിയത്.