തിരുവനന്തപുരം: വീടുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലും തപാല്‍വകുപ്പും ധാരണയായി. ഇതിനായി പോസ്റ്റ്മാന്‍ വീടുകള്‍ കയറിയിറങ്ങി ഉപഭോക്താക്കളെ ചേര്‍ക്കും. ബി.എസ്.എന്‍.എല്‍. ഫൈബര്‍ സര്‍വീസില്‍ ആളെ ചേര്‍ക്കലാണ് ആദ്യഘട്ടജോലി.

താത്പര്യമുള്ളവരെ അപ്പോള്‍തന്നെ ഉപഭോക്താവാക്കാന്‍ 'മിത്ര' എന്നപേരില്‍ ആപ്പും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാന് 50 രൂപ ഫീസ് നല്‍കിയാല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ഉടനടി ലഭ്യമാക്കും. ഉപഭോക്താവില്‍നിന്നും സര്‍വീസ് ഫീസായി ഈടാക്കുന്ന ഈ തുകയാണ് പോസ്റ്റുമാന്റെ സേവനത്തിനുള്ള കമ്മിഷന്‍. ഉപഭോക്താവിന്റെ ആദ്യബില്ലില്‍ ഈ തുക കുറച്ചുനല്‍കും.

നിലവില്‍ ബി.എസ്.എന്‍.എലിന് 6.75 ലക്ഷം ഫൈബര്‍ സര്‍വീസ് ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. പോസ്റ്റോഫീസ് കൗണ്ടറുകളില്‍ ചെന്നാല്‍ ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് ഉപഭോക്താവാകാനുള്ള സൗകര്യം നിലവിലുണ്ട്.

ബി.എസ്.എന്‍.എലിന്റെ മറ്റുസേവനങ്ങളും വൈകാതെ വീടുകളിലെത്തും. പുതിയ മൊബൈല്‍ കണക്ഷന്‍, പഴയ സിം മാറ്റിയെടുക്കല്‍, മൊബൈല്‍ റീച്ചാര്‍ജിങ് തുടങ്ങിയ സേവനങ്ങളും താമസിയാതെ വീട്ടുപടിക്കലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

കത്തിടപാടുകള്‍ കുറഞ്ഞതോടെ പോസ്റ്റ്മാന് വീടുകളില്‍ കത്തുകളെത്തിക്കേണ്ട ജോലി കുറവാണ്. സര്‍ക്കാര്‍ അറിയിപ്പും ജപ്തിനോട്ടീസും പോലുള്ള ഔദ്യോഗിക ആവശ്യങ്ങളാണ് ഇപ്പോള്‍ പ്രധാനമായും തപാല്‍വഴി നിറവേറ്റപ്പെടുന്നുള്ളൂ.