- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടി മുറി'യില്‍ എസ്എഫ്ഐക്കാരുടെ ക്രൂരത; ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു; ഭീഷണിപ്പെടുത്തി; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: സമഗ്ര അന്വേഷണം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.
എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ മൊഴിരേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനുവരി 14 ന് രാവിലെ 10 ന് കേസ് പരിഗണനക്കെടുക്കുമ്പോള്‍ കമ്മീഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. മര്‍ദ്ദനമേറ്റ പുനലാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാത്രിയായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ പ്രതികളാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇടിമുറിയായി പ്രവര്‍ത്തിക്കുന്നു എന്ന് പരാതി ഉയര്‍ന്ന കോളജ് യൂണിയന്‍ റൂമില്‍ എത്തി ഇന്നലെ പൊലിസ് മഹസ്സര്‍ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.