തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ സ്‌കൂട്ടര്‍ വീട്ടില്‍ കയറി കത്തിച്ച കേസില്‍ യുവതി പിടിയില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പാറശാല പൊഴിയൂരിലായിരുന്നു സംഭവം. പൊഴിയൂര്‍ സ്വദേശി ബിബിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ 27ന് പുലര്‍ച്ചെ ശാലിയും സഹോദരന്‍ സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ബിബിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു.

പൊഴിയൂര്‍ എസ്.എച്ച്.ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു