മുക്കം: താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച്, ബസ് ഓടിച്ച് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ സാഹസികയാത്ര. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ റാഫിഖ് ആണ് കൊടുംവളവുകളും കൊക്കയും നിറഞ്ഞ റോഡിലൂടെ സാഹസികമായി ബസ് ഓടിച്ചത്. ബസില്‍ നിരവധി യാത്രക്കാരും ഈ സമയം ഉണ്ടായിരുന്നു.

തുടര്‍ച്ചയായി, ഡ്രൈവര്‍ ഫോണ്‍ ഉയോഗിക്കുന്നത് ശ്രദ്ധയിപ്പെട്ട യാത്രക്കാരന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുക ആയിരുന്നു. ശനിയാഴ്ച വൈകീട്ട് 4.50-ന് കല്പറ്റയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറാണ് അപകടകരമായ ഡ്രൈവിങ് നടത്തിയത്.

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍വാഹനവകുപ്പും അന്വേഷണം നടത്തിവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഡ്രൈവറോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതായി കോഴിക്കോട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാവിലെ ലൈസന്‍സുമായി താമരശ്ശേരി ഓഫീസില്‍ ഹാജരാകാന്‍ റാഫിഖിന് കൊടുവള്ളി ആര്‍.ടി.ഒ. നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ടി.ഒ. പറഞ്ഞു. എന്നാല്‍, ഡ്രൈവര്‍ക്കെതിരേ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് താമരശ്ശേരി ഇന്‍സ്പെക്ടര്‍ ടി.കെ. ഷിജു പറഞ്ഞു.