തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ദുഃഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഉടന്‍ സംഭവസ്ഥലത്തെത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ഥിനികളാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്.

ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. മൂന്നു വിദ്യാര്‍ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപ്തരിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്.