ഇടുക്കി: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് 26കാരി വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നാര്‍ ബൈസണ്‍വാലി സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ വീട്ടില്‍ പ്രസവിച്ചത്.

യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് നൈസല്‍ എന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ റാണി സരിത ഭായി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുന്നതിന് മുന്‍പ് റാണി സരിത ഭായി നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി. തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവം എടുക്കുകയായിരുന്നു.

തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് നൈസല്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.