- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ കുഴല്‍പ്പണം എത്തിയെന്ന വെളിപ്പെടുത്തല്‍; കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും
തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും
തൃശൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി തൃശൂര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ കുഴല്‍പ്പണം എത്തിയെന്ന് വെളിപ്പെടുത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. വൈകിട്ട് നാലിന് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി സതീഷ് പറഞ്ഞു.
വിവാദമായ കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മരവിപ്പില്‍ നില്‍ക്കുമ്പോഴാണ് അടുത്തിടെ മാധ്യമങ്ങളിലൂടെ സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഒമ്പത് കോടി രൂപ എത്തിയെന്നും താന്‍ അടക്കമുള്ളവരാണ് ചാക്കുകള്‍ ഓഫീസിലേക്ക് ചുമന്ന് കയറ്റിയതെന്നും പിന്നീട് ആ പണച്ചാക്കുകള്‍ക്ക് കാവല്‍ ഇരുന്നുവെന്നും സതീഷ് പറഞ്ഞിരുന്നു. ഈ പണത്തില്‍ ഒരു ഭാഗം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തത്.
ഈ പണമത്രയും ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണെന്ന് കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. ഇതല്ലാതെ വേറെയും പണം വന്നതായും അതുമായി ബി.ജെ.പിക്ക് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ പറഞ്ഞു. ഇതിന്മേല്‍ നടപടി ഇല്ലാതിരിക്കെയാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ വന്നത്.
വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചതോടെ സതീഷിന്റെ വിശദമായ മൊഴിയെടുത്തു. തുടര്‍ നടപടിയുടെ ഭാഗമായാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
അന്ന് കൊണ്ടുവന്ന പണത്തില്‍ ഒന്നര കോടിയോളം രൂപ ഒരു മാസം കഴിഞ്ഞ ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്മാ കുമാറിന്റെ കാറില്‍ ഒരു ചാക്കിലും രണ്ട് ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയിരുന്നുവെന്നും സതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.