ന്യൂഡല്‍ഹി: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികള്‍ നടത്തുന്നത് കേരളാ നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓര്‍ത്തോഡോക്‌സ് സഭ പരമാധ്യക്ഷന്‍. പള്ളികള്‍ക്കോ, സെമിത്തേരികള്‍ക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവര്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകള്‍ നടത്താമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കുന്നതിന് 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നല്‍കാന്‍ സുപ്രീംകോടതി മലങ്കര ഓര്‍ത്തോഡോക്‌സ് സഭയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളിലെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് കീഴിയില്‍ ഉള്ള സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലെ പൊതു സൗകര്യങ്ങള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്‍പ്പടെ ആര്‍ക്കും ഉപയോഗിക്കാമെന്നും ഓര്‍ത്തോഡോക്‌സ് സഭാ പരമാധ്യക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. മലങ്കര സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് കേരള വിദ്യാഭ്യാസ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കണമെന്ന് കെ എസ് വര്‍ഗീസ് കേസില്‍ പുറപ്പടിവിച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.