തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകള്‍ക്ക് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികള്‍ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

മതസംഘടനകള്‍ ഉള്‍പ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. ഈ മൂന്ന് പദ്ധതികളും യാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ - ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും സമയബന്ധിതമായി ഇവ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രകാഴ്ചപ്പാടോടെ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണതലത്തില്‍ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിര്‍ലോഭമായ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ക്യാമ്പയിനിന് പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കുമെന്നും പരിപാടിയുമായി സഹകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

മന്ത്രി എം ബി രാജേഷ്, എം വി ഗോവിന്ദന്‍ ( സിപിഐഎം), പഴകുളം മധു (കോണ്‍ഗ്രസ് ഐ), ഇ ചന്ദ്രശേഖരന്‍ എം എല്‍ എ (സിപിഐ), എം കെ മുനീര്‍ എംഎല്‍എ (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരളാ കോണ്‍ഗ്രസ് എം), മോന്‍സ് ജോസഫ് എം എല്‍ എ ( കേരളാ കോണ്‍ഗ്രസ്), വി മുരുകദാസ് ( ജനതാദള്‍ എസ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്) പി എം സുരേഷ് ബാബു ( എന്‍സിപി), ഷാജ ജി എസ് പണിക്കര്‍ ആര്‍എസ്പി (ലെനിനിസ്റ്റ്), ബാബു ദിവാകരന്‍ ( ആര്‍എസ്പി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), പി സി ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), ചീഫ് സെക്രട്ടറി ശാരദാ മുരളീധന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍വ്വകക്ഷി യോഗത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം

നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം തേടാനും സഹകരണം ഉറപ്പുവരുത്താനുമാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നത്. അതിദാരിദ്ര്യനിര്‍മ്മാര്‍ജനം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റീവ് പരിചരണം, മാലിന്യമുക്ത നവകേരളം എന്നിവ പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ രാഷ്ട്രീയ - ബഹുജന പങ്കാളിത്തം ഏറെ അനിവാര്യമാണ്.

നല്ല മുന്നേറ്റമാണ് ഈ വിഷയങ്ങളിന്മേല്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരംഭത്തില്‍ തന്നെ അഭ്യര്‍ത്ഥിക്കട്ടെ.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിര്‍ണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ ആവശ്യമായവര്‍ക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിലാണ് നമ്മള്‍ ഊന്നല്‍ നല്‍കുന്നത്. 2025 നവംബര്‍ 1 ന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1 നാണ് പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തില്‍ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 2024 നവംബര്‍ 1 ന് മുമ്പ് 90 ശതമാനം പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ സാധിച്ചത്. അതായത് 63.82 ശതമാനം മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. 2024 നവംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം ഇനി 15,847 കുടുംബങ്ങള്‍ക്കാണ് മൈക്രോപ്ലാന്‍ പ്രകാരമുള്ള സഹായം ലഭ്യമാക്കേണ്ടത്.

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 2025 നവംബര്‍ 1 ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയണം. അതിന് എന്തെല്ലാം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചുമതലപ്പെട്ട മന്ത്രി വിശദീകരിക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉതകുന്ന ആശയങ്ങളും സഹകരണവുമാണ് നിങ്ങളെല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പ്രത്യേകമായി സൂചിപ്പിക്കട്ടെ. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി മൈക്രോ പ്ലാനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിച്ച് പദ്ധതികളില്‍ ഉള്‍ക്കൊള്ളിക്കലാണ് ലക്ഷ്യം. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സംയോജിത ഇടപെടല്‍ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാന്‍ കെയര്‍ ഫണ്ട് എന്ന ആശയം മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിച്ചിരുന്നു. സി എസ് ആര്‍ ഫണ്ട്, പ്രവാസി സംഘടനകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായവും സ്പോണ്‍സര്‍ഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവസമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം.

പുനരധിവാസത്തിനും മാനസികാരോഗ്യത്തിനും മറ്റും ആവശ്യമായ പൊതുപിന്തുണാ സംവിധാനങ്ങള്‍ അതത് വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്നു നടപ്പിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ കാര്യമായി ഇടപെടണം. ബ്ലോക്ക്, ജില്ലാതല ഏകോപന അവലോകന സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്.

അതിദാരിദ്ര്യ നിര്‍ണയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക വാര്‍ഡ് - തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനകീയ സമിതികള്‍ രൂപീകരിച്ചിരുന്നു. ഈ സമിതികളെ സജീവമാക്കി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തേണ്ടതുണ്ട്. ഈ യോഗങ്ങളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ഐ എസ് ഡേറ്റ എല്ലാ മാസവും പുതുക്കേണ്ടതുമുണ്ട്. പദ്ധതി കാര്യക്ഷമമായി മുന്നേറുന്നു എന്നുറപ്പുവരുത്തുന്നതിന് ഇത് ഏറെ സഹായകരമാകും.

ഓരോ അതിദരിദ്ര കുടുംബത്തെയും അവര്‍ക്ക് ബാധകമായ മുഴുവന്‍ ക്ലേശഘടകങ്ങളില്‍ നിന്നും മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തില്‍ പുറത്തു കൊണ്ടുവരണം. ഉപജീവന പദ്ധതി ബാധകമായ കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന മാര്‍ഗം ഉറപ്പാക്കണം. ഇവ രണ്ടും ചെയ്തതിനുശേഷം മാത്രമേ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്ര മുക്തരായി പ്രഖ്യാപിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയില്‍ കണ്ടെത്തിയിട്ടുള്ള അതിദരിദ്രര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായാല്‍ ആ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയര്‍

ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികള്‍ക്ക് പരിചരണം നല്‍കിവരുന്നുണ്ട്.

മാനദണ്ഡങ്ങള്‍ക്കനുസൃതമായി യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്ട്രേഷന്‍ നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങള്‍ സമാഹരിച്ച് രജിസ്ട്രേഷന്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള സംഘടനകളെ രജിസ്റ്റര്‍ ചെയ്യിക്കണം.

ഗൃഹപരിചരണം ആവശ്യമായ എല്ലാവര്‍ക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ വളന്റിയര്‍മാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം അവര്‍ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും.

രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറില്‍ കാര്യമായി ഉള്‍പ്പെട്ടിട്ടുള്ളത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ച് ബി പി എല്‍, എ പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയര്‍ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലര്‍ക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാല്‍ മതിയാകും. മറ്റു ചിലര്‍ക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂര്‍ണ സഹകരണം ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

കിടപ്പിലായ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയര്‍ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 30,000 പേരടങ്ങുന്ന ജനസംഖ്യാ പ്രദേശത്തിന് ഒരു കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ഹോം കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിന്‍ സംവിധാനത്തെ ഗ്രിഡിന്റെ ഭാഗമാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഹോമുകള്‍, സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ക്കൂടി പാലിയേറ്റീവ് കെയര്‍ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവന്‍ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേര്‍ത്തുകൊണ്ട് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം 2025 ജനുവരി 1 ന് ആരംഭിക്കുകയാണ്.

മാലിന്യമുക്ത നവകേരളം

ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബര്‍ 2 മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയാണ് 'മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍' സംഘടിപ്പിക്കാന്‍ നമ്മള്‍ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ 2 ന് സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പയിനിന് തുടക്കമിടാനായിരുന്നു തീരുമാനിച്ചത്. 1,313 ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ലഭ്യമായ കണക്കനുസരിച്ച് 2,39,864 പേര്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടന ഘട്ടത്തില്‍ 13,794 വാര്‍ഡുകളില്‍ മാത്രമേ നിര്‍വഹണസമിതി രൂപീകരിച്ചിരുന്നുള്ളൂ. അതില്‍ തന്നെ 11,252 വാര്‍ഡുകളില്‍ മാത്രമാണ് വാര്‍ഡുതല ഉദ്ഘാടനങ്ങള്‍ നടന്നത്. 8,537 വാര്‍ഡുകളില്‍ ഉദ്ഘാടന പരിപാടികള്‍ ഇതുവരെ നടന്നിട്ടില്ല. 5,704 വാര്‍ഡുകളില്‍ നിര്‍വഹണ സമിതികള്‍ ഇനിയും രൂപീകരിച്ചിട്ടുമില്ല. ഉദ്ഘാടന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2025 മാര്‍ച്ച് 30 ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്തണം എന്നുണ്ടെങ്കില്‍ നാം ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തം ഏറെ അനിവാര്യമാണ്.

ക്യാമ്പയിനിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, കലാലയങ്ങള്‍ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏവരുടെയും സഹകരണം ആവശ്യമാണ്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷക്കരിക്കണമെന്നാണ് കണ്ടിട്ടുള്ളത്.

ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പൊതുസംവിധാനം ഏര്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍, ഭവനസമുച്ചയങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍, ഹാളുകള്‍ മുതലായവയില്‍ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

2023-24 വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2,867 കോടി രൂപ അടങ്കലുള്ള മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതില്‍ 641.45 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്. അതായത്, പുരോഗതി കേവലം 22 ശതമാനമാണ് എന്നര്‍ത്ഥം. നഗരസഭകളില്‍ 15 ശതമാനമാണ് ചെലവഴിച്ചത്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രോത്സാഹനം ഉപകാരപ്രദമാവും.

2024 ഡിസംബര്‍ - 2025 ജനുവരിയില്‍ നാടിന്റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനില്‍ പങ്കാളികളാക്കണം. ഇതിനായി ഭവനസന്ദര്‍ശനം നടത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

നാം ഏറ്റെടുത്തിട്ടുള്ള ഈ മൂന്ന് ക്യാമ്പയിനുകളും പൂര്‍ണ്ണതോതില്‍ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് കേരളത്തിന്റെ ഭാവിയുമായി, നമ്മുടെ ഭാവി തലമുറകളുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് കാണണം. അതിവേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തില്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യത്തിനും വിനോദസഞ്ചാരത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഉപകരിക്കും എന്നതാണ് വസ്തുത.

ഈയൊരു സമഗ്രമായ കാഴ്ചപ്പാടോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ഈ മൂന്നു ക്യാമ്പയിനുകളുമായി സഹകരിക്കണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്.