കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികര്‍ക്കെതിരെ നടപടിയുമായി അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍. പാലാരിവട്ടം മാര്‍ട്ടിന്‍ ഡി പോറസ് കത്തോലിക്കാ പള്ളി, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി, കടവന്ത്ര മാതാനാഗര്‍ വേളാങ്കണ്ണി മാതാ പള്ളി, എന്നിവിടങ്ങളിലെ നാല് വൈദികര്‍ക്കെതിരേയാണ് സസ്‌പെന്‍ഷന്‍്. വൈദികര്‍ അജപാലന ചുമതലകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഉത്തരവിനെ വിശ്വാസി സമൂഹം അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നും അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. കഴിഞ്ഞ മാസം അതിരൂപതിയിലെ നാല് പള്ളികളിലെ വികാരിമാരെ മാറ്റി അവിടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിച്ച് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, ഉത്തരവിനെ തുടര്‍ന്ന് ചുമതലയേല്‍ക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റരുമാരെ വിശ്വാസികള്‍ തടയുകയും വലിയ പ്രതിഷേധത്തിനൊടുവില്‍ അവര്‍ ചുമതലയേല്‍ക്കാതെ മടങ്ങുകയും ചെയ്തു. നാല് വൈദികരും സിവില്‍ കേസ് നല്‍കി. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വിഷയത്തില്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും മാര്‍ ബോസ്‌കോ പുത്തൂരിന്റെ അഭിഭാഷകന്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് സസ്‌പെന്‍ഷന്‍ നല്‍കികൊണ്ടുള്ള പുതിയ ഉത്തരവ്.

'സ്ഥലം മാറ്റം അംഗീകരിക്കാത്ത വൈദികരും വിശ്വാസികളും സസ്‌പെന്‍ഷന്‍ അംഗീകരിക്കുന്നില്ല. വൈദികര്‍ക്കെതിരായ സസ്‌പെന്‍ഷനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ത്തും. സസ്‌പെന്‍ഷന്‍ ഉത്തരവ് കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ കോടതി തീരുമാനമുണ്ടാകട്ടേ. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം' അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.