- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസര്‍കോഡ് വാഹന പരിശോധന; രണ്ടിടങ്ങളില്‍ നിന്നായി 40 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കാസര്‍കോഡ് വാഹന പരിശോധന; രണ്ടിടങ്ങളില്‍ നിന്നായി 40 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കുമ്പള: രണ്ടിടങ്ങളിലായി നടന്ന വാഹന പരിശോധനയ്ക്കിടെ 40 ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കുമ്പളയിലും മൊഗ്രാലിലും നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന വിവിധ തരത്തിലുള്ള 4,82,514 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്നിയങ്കര പയ്യാനക്കല്‍ സീനത്ത് വീട്ടിലെ സാദിഖ് അലി (44), വെള്ളിപ്പറമ്പ് കുറ്റിക്കാട്ടൂരിലെ എന്‍.പി.അസ്ഹര്‍ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളും കുമ്പള പോലീസ് സ്റ്റേഷനിലെത്തിച്ചു.
ചൊവ്വാഴ്ച രാത്രി ദേശീയപാത മൊഗ്രാലില്‍ വാഹനപരിശോധന നടത്തവെ കുമ്പള എസ്.ഐ. വി.കെ.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ദൂരെനിന്ന് കണ്ടപ്പോള്‍ ഡ്രൈവര്‍ വേഗത്തില്‍ ലോറി ഓടിച്ചുപോകാന്‍ ശ്രമിച്ചു. പോലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. ലോറി പരിശോധിച്ച പോലീസ് ടാര്‍പോളിനുള്ളില്‍ 10 ചണച്ചാക്കുകള്‍ കണ്ടെത്തി. ചണച്ചാക്കിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയിലായിരുന്നു വിവിധ നിറത്തിലും തരത്തിലുമുള്ള 3,12,000 പാക്കറ്റുകള്‍.
ദേശീയപാത കുമ്പളയില്‍ രാത്രി 11.45-നായിരുന്നു രണ്ടാമത്തെ ഗുഡ്‌സ് കാരിയര്‍ എത്തിയത്. കുമ്പള എസ്.ഐ. കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വാഹനം കുടുങ്ങിയത്. സമാനരീതിയില്‍ ചണച്ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ബാക്കിയുള്ള പാക്കറ്റുകളും. കര്‍ണാടകയില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു ഉത്പന്നങ്ങള്‍. വാഹന പരിശോധനയില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.ചന്ദ്രന്‍ നായര്‍, വിനോദ് കുമാര്‍ കുടുമ്പൂര്, കെ.ഹരീഷ്, എ.എം.മനു എന്നിവരും പങ്കെടുത്തു.