- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രങ്ങളും യോഗ്യതകളും വേണ്ട; നിര്‍ദേശം കടുപ്പിച്ച് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍
ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രങ്ങളും യോഗ്യതകളും വേണ്ട
തിരുവനന്തപുരം: ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രം വേണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാരുടെ ചിത്രവും യോഗ്യതയുംവെച്ച് സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരേ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലാണ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇക്കാര്യം വീണ്ടും ഡോക്ടര്‍മാരെയും ആശുപത്രി മാനേജ്മെന്റുകളെയും അറിയിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
2002-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാന കൗണ്‍സിലിന് സ്വീകരിക്കാനാവും. ഡോക്ടര്‍മാര്‍ എം.ബി.ബി.എസ്. മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം മെഡിക്കല്‍ കമ്മിഷനില്‍ രജിസ്റ്റര്‍ചെയ്തിരിക്കണമെന്നും അല്ലാത്തവര്‍ക്ക് മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്റ്റര്‍ചെയ്തിട്ടുള്ള യോഗ്യതകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ പ്രാക്ടീസ് ചെയ്യുന്നസ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും യോഗ്യതയും മരുന്നു കുറിപ്പടിയിലും സീലിലും രേഖപ്പെടുത്തിയിട്ടുണ്ടാകണം.കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിട്ടില്ലാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നതും കുറ്റകരമാണ്.
മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ക്ലിനിക്കുകളും അതാതിടങ്ങളില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.