തൃശൂര്‍: പൂരം കലക്കല്‍ സംബന്ധിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍. പൂരം കലങ്ങിയ സംഭവം തിരുവമ്പാടി ദേവസ്വത്തിന്റെ തലയില്‍ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലില്‍ പറഞ്ഞുകേള്‍ക്കുന്നത്. അജിത്കുമാറിന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക.

പൂര ദിവസവും തലേദിവസവും എഡിജിപി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. റിപ്പോര്‍ട്ട് ദേവസ്വത്തിന്റെ ധാര്‍മികതയെ ബാധിക്കും. തങ്ങള്‍ ഉണ്ടാക്കിയ പൂരം തങ്ങള്‍ തന്നെ കലക്കുമോയെന്നും അദ്ദേഹം ചോദിച്ചു.