തിരുവനന്തപുരം: കേരള സിലബസില്‍ ഹയര്‍സെക്കന്‍ഡറിക്കുചേരുന്ന കേന്ദ്രസിലബസുകാരുടെ എണ്ണത്തില്‍ വന്‍ കുറവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഈ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സിലബസിന് പ്രിയം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ല്‍ പത്താംക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറിക്ക് സംസ്ഥാന സിലബസിലെത്തിയിരുന്നു. ഇങ്ങനെ, 51.65 ശതമാനം പേര്‍ കേന്ദ്രസിലബസില്‍നിന്നു മാറി. ഈവര്‍ഷം മാറിയത് 19,382 വിദ്യാര്‍ഥികള്‍ മാത്രമാണ്. അതായത്, 32.43 ശതമാനം.

2020-ല്‍ ഐ.സി.എസ്.ഇ. സിലബസില്‍ വിജയിച്ച 7936 വിദ്യാര്‍ഥികളില്‍ 3726 പേര്‍ കേരള സിലബസിലെത്തി. 2024-ല്‍ വിജയിച്ച 7517 പേരില്‍ 2385 വിദ്യാര്‍ഥികളേ വന്നിട്ടുള്ളൂ. വരവ് 2020-ല്‍ 46.95 ശതമാനമുള്ളത് 2024-ല്‍ 31.72 ശതമാനമായി കുറഞ്ഞു. കോവിഡ് കാലയളവില്‍ കേന്ദ്രസിലബസിലെ പകുതിയിലേറെപ്പേര്‍ സംസ്ഥാന സിലബസില്‍ പഠിക്കാനെത്തിയിരുന്നു. ഫീസിലെ കുറവാണ് മുഖ്യകാരണമെന്നാണ് നിഗമനം. ഡല്‍ഹി സര്‍വകലാശാല പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാര്‍ക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനവും ഉയര്‍ന്ന വിജയശതമാനമുള്ള കേരള സിലബസിനെ ആകര്‍ഷകമാക്കി.

ഇന്നാവട്ടെ, സാഹചര്യം മാറി. സര്‍വകലാശാലകളില്‍ പൊതുപ്രവേശനപരീക്ഷ വന്നു. കീം പോലുള്ള എന്‍ട്രന്‍സ് പരീക്ഷകളില്‍ മാര്‍ക്ക് സമീകരണത്തില്‍ കേരള സിലബസുകാര്‍ പിന്നിലായി. ഇങ്ങനെ, ഉന്നത വിദ്യാഭ്യാസത്തിനുള്ള പല തടസ്സങ്ങളാണ് വിദ്യാര്‍ഥികള്‍ കേന്ദ്രസിലബസില്‍ത്തന്നെ തുടരാനുള്ള കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാരിക്കോരി മാര്‍ക്കിട്ട് വിജയശതമാനം ഉയര്‍ത്തുന്നത് കേരള സിലബസിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം.

ഒഴുക്കിന്റെ കുറവ് ഇങ്ങനെ:

സി.ബി.എസ്.ഇ.

വര്‍ഷം, പത്താംക്‌ളാസ് പാസായവര്‍, കേരള സിലബസിലെത്തിയവര്‍, ശതമാനം എന്ന ക്രമത്തില്‍

2020 73,129 37,772 51.65%

2021 70,483 34,140 48.43%

2022 69,200 29,986 43.33%

2023 67,720. 28,473 42.04%

2024 59,587 19,382 32.43%

ഐ.സി.എസ്.ഇ.

2020 7936 3726 46.95%

2021 8011 3768 47.03%

2022 7787 3640 46.74%

2023 7823 3224 41.21%

2024 7517 2385 31.72%