തിരുവനന്തപുരം: അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയുമായി കടന്നെങ്കിലും വീട്ടമ്മയുടെ അപേക്ഷയില്‍ താലി തിരികെ നല്‍കി. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവ പാര്‍വതിയില്‍ പാര്‍വതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഈ സമയം വീട്ടില്‍ പുരുഷന്മാര്‍ ആരും ഇല്ലായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ പാര്‍വതിയും മാതാവും കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് പാര്‍വതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. ഇതോടെ പാര്‍വ്വതിയും അമ്മയും ഉണര്‍ന്നു. അപ്പോഴാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാര്‍വതിയും മാതാവും അറിയുന്നത്. ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാല്‍ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാന്‍ ശ്രമിച്ചു. എന്നാല്‍ കള്ളന്റെ ഭീഷണിയില്‍ ഭയന്ന ഇരുവരും നിശബ്ദരായി.

ഇതോടെ, മോഷ്ടാവിന്റെ ശ്രദ്ധ പാര്‍വതിയുടെ കഴുത്തിലേക്കായി. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടര്‍ന്ന് പാര്‍വതി കഴുത്തില്‍ കിടന്ന രണ്ട് പവന്‍ തൂക്കമുള്ള മാല നല്‍കി. ഒപ്പം അലമാരയില്‍ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവന്‍ വരുന്ന മാലയും കവര്‍ന്ന കള്ളന്‍ മുറി മുഴുവന്‍ അരിച്ചു പെറുക്കി. എന്നാല്‍ ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതല്‍ എന്തെങ്കിലും ലഭിക്കുമോ എന്നറിയാന്‍ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.

അതേസമയം മാലയിലുള്ളത് കെട്ടുതാലിയാണ് തിരികെ നല്‍കണമെന്ന് പാര്‍വതി അപേക്ഷിച്ചതോടെ താലി ഊരി നല്‍കിയാണ് മോഷ്ടാവ് കടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പാര്‍വതി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. പ്രതിയെ തിരിച്ചറിയാനായില്ലെന്നും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.