മലപ്പുറം: മിനി പാകിസ്താന്‍ പരാമര്‍ശത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയുടെ കോലം കത്തിച്ച് മലപ്പുറത്ത് പ്രതിഷേധം. മലപ്പുറത്ത് ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

നിതീഷ് റാണെ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാകിസ്താന്‍ അനുകൂലികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന അപലപനീയമാണ്. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം മിനി പാകിസ്താനാണെന്നും അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നുമായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം. ഇത്തരക്കാര്‍ എംപിമാരാകാനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്നും നിതേഷ് റാണെ പറഞ്ഞിരുന്നു. ഭാവിയില്‍ കേരളം 'ഭഗവധാരി' ആകുമെന്നും അതില്‍ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരാമര്‍ശം അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.