- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയി; സ്വര്‍ണവും പണവുമായി വധു മുങ്ങി
വിവാഹ ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയി; സ്വര്‍ണവും പണവുമായി വധു മുങ്ങി
ഗൊരഖ്പൂര്‍: വിവാഹ ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ പുരോഗമിക്കവെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
40കാരനായ വരന്‍ കമലേഷ് കുമാര്‍ ആണ് വിവാഹത്തിന് എത്തിയതിന് പിന്നാലെ വധുവിന്റെ ചതിയില്‍ പെട്ടത്. കമലേഷ് ഭാര്യയെ നഷ്ടമായതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാല്‍, വിവാഹത്തിനുള്ള ചടങ്ങുകള്‍ പുരോഗമിക്കവെയാണ് വധു സ്വര്‍ണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാര്‍ അറിയുന്നത്.
അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും നല്‍കിയെന്നും വിവാഹച്ചെലവ് താന്‍ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു.
വിവാഹ ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മീഷനായി നല്‍കിയാണ് സീതാപൂരിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ കമലേഷ് കുമാര്‍ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്. തന്റെ കുടുംബത്തെ പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ പറഞ്ഞു.