തൃശൂര്‍: തൃശൂരില്‍ സുഹൃത്തായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതിയുമായി സൗഹൃദം ഉപേക്ഷിക്കാന്‍ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോനൂര്‍ സ്വദേശി അശ്വിന്‍( 22) നെ ആണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ജെഫിനെയാണ് അശ്വിന്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ആക്രമണം നടന്നത്.

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ പ്രതിയായ അശ്വിന്‍ സുഹൃത്തായ ജെഫിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം ജെഫിന്‍ അനുസരിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് അശ്വിന്‍ ജെഫിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. കേസില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി. അശ്വിനെ റിമാന്‍ഡ് ചെയ്തു.