കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസില്‍ രണ്ടു പേര്‍ കൂടി പോലിസ് പിടിയിലായി. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. വധുവായി ചമഞ്ഞ് തട്ടിപ്പിന് നേതൃത്വം നല്‍കിയ ഒന്നാംപ്രതി ഇഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി മൂവരും ചേര്‍ന്ന് ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു.

പുനര്‍ വിവാഹത്തിനായി ഡോക്ടര്‍ പത്രത്തില്‍ പരസ്യം നല്‍കി. ഈ പരസ്യം കണ്ടാണ് യുവതിയും സംഘവും ഡോക്ടറെ ബന്ധപ്പെടുന്നതും തട്ടിപ്പിന് കളമൊരുക്കുന്നതും. വധുവാണെന്ന് പരിചയപ്പെടുത്തി ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട കാസര്‍കോട് നിലേശ്വരം സ്വദേശിയായ ഇഷാന ഡോക്ടറുമായി പരിചയത്തിലായി. സഹോദരന്‍ എന്ന വ്യാജേന സലീം ഇടപെട്ട് വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇവരുമായി ഡോക്ടര്‍ നല്ല സൗഹൃദത്തിലാവുകയും ചെയ്തു.

ഇഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടര്‍ അത് നല്‍കുകയും ചെയ്തു. ആ വീട് കാണാന്‍ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പ്രതികള്‍ മുങ്ങിയത്. ഇഷാനയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എങ്കിലും കൂട്ടുപ്രതികളായ കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവര്‍ ഒളിവിലായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് വച്ച് ഇരുവരും പിടിയിലായത്. ഡോക്ടര്‍ പ്രതികളെ രണ്ടുപേരേയും തിരിച്ചറിഞ്ഞു. സലീമാണ് ഇഷാനയുടെ സഹോദരന്‍ എന്ന വ്യാജേനെ ഇടപെട്ടത്. മജീദ് കല്യാണ ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ആളാണ് എന്നാണ് പൊലീസ് കണ്ടെത്തല്‍. നേരത്തേയും സമാന തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.