ചാലക്കുടി: അതിരപ്പിള്ളിയിലെ വാട്ടര്‍തീം പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പമെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്ത അധ്യാപകനെ ആക്രമിക്കുകയുംചെയ്ത ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ മഠത്തില്‍ ഉമ്മര്‍ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തില്‍ മുബഷീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

വാട്ടര്‍തീം പാര്‍ക്ക് അധികാരികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മലപ്പുറം നെടിയിരിപ്പ് എം.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകര്‍ വാട്ടര്‍തീം പാര്‍ക്കിലെത്തിയത്. അധ്യാപിക മൊബൈല്‍ഫോണില്‍ സംസാരിച്ച് കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹ അധ്യാപകന്‍ പ്രണവ് ഇക്കാര്യം ചോദ്യംചെയ്തതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഈ സമയം സംഘത്തിലെ ഒരാള്‍ ഇടതുകൈയില്‍ ധരിച്ചിരുന്ന മോതിരംകൊണ്ട് പ്രണവിന്റെ മൂക്കിലിടിക്കുകയും ചെയ്തു.

ഇടികൊണ്ട് അധ്യാപകന്റെ മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇതിനിടയില്‍ പ്രതികളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത അധ്യാപികയുടെ കൈയില്‍ക്കയറിപ്പിടിച്ച് ഫോണ്‍ തട്ടിക്കളഞ്ഞതായും പരാതിയുണ്ട്. വാട്ടര്‍തീം പാര്‍ക്ക് അധികാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.