- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്: കേസെടുത്തത് ചികിത്സാ പിഴവ് സംഭവിച്ചു എന്ന അമ്മുവിന്റെ അച്ഛന്‍ സജീവന്റെ പരാതിയില്‍
അമ്മു സജീവന്റെ മരണം; പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്
പത്തനംതിട്ട: ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരേ കേസ്. ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ അച്ഛന്‍ സജീവ് നല്‍കിയ പരാതിയിലാണ് ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തത്.
അമ്മു പരിക്കേറ്റ് ചികിത്സയില്‍ എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം ചികിത്സ നല്‍കാന്‍ വൈകിയെന്നും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനും വൈകിയെന്ന് കാണിച്ചാണ് പിതാവ് പരാതി നല്‍കിയത്. ഡോക്ടര്‍മാര്‍ കൃത്യമായി ചികിത്സ നല്‍കിയില്ലെന്നും ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചില്ലെന്നും സജീവ് പരാതിയില്‍ പറയുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്.
കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ മാരക പരിക്കും രക്തസ്രാവവുമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.