തിരുവനന്തപുരം: 2024ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്രചെയ്തത്. 2023-ല്‍ ഇത് 41.48 ലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 18.52 ശതമാനം വര്‍ധനയാണുണ്ടായത്. 2022-ല്‍ 31.11 ലക്ഷമായിരുന്നു തിരുവനന്തപുരം വഴിയുള്ള ആകെ യാത്രക്കാര്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശനഗരങ്ങളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്രചെയ്തത്. 2024-ല്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്രചെയ്തത്. 2023-ല്‍ 28306 വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് 2024-ല്‍ 32324 ആയി ഉയര്‍ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയത്.

നിലവില്‍ പ്രതിദിനം ശരാശരി 100 സര്‍വീസുകള്‍ വഴി 15000-നു മുകളില്‍ യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്രചെയ്യുന്നത്. 11 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തുനിന്ന് സര്‍വീസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി നാലു ലക്ഷത്തിനു മുകളില്‍ എത്തി. കഴിഞ്ഞ ഡിസംബറില്‍ മാത്രം യാത്രചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും റെക്കോഡാണ്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാര്‍ഗോ നീക്കം 33.3 ശതമാനം വര്‍ധിച്ച് 3279 മെട്രിക് ടണ്‍ ആയി.