കൊച്ചി: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചക്ക് 12 വരെ സംസ്ഥാന വ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ.കെ.എഫ്.പി.ടി) സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു. കോഴിക്കോട് എച്ച്.പി.സി.എല്‍ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയനില്‍പ്പെട്ട ചിലര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. കോഴിക്കോട്ട് വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് 'ചായക്കാശ്' എന്ന പേരില്‍ ഒരു തുക നല്‍കുന്ന പതിവ് പണ്ടുമുതല്‍ നിലനില്‍ക്കുന്നുണ്ട്. 300 രൂപ വരെയാണ് നിലവില്‍ നല്‍കുന്നത്. ഈ തുകയില്‍ വര്‍ധന വേണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ രംഗത്തെത്തുകയും ആവശ്യം ഡീലര്‍മാര്‍ നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ഇതിനിടെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ കയ്യേറ്റം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. ചായക്കാശ് ഏകീകൃതമാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും 100 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന് ഏകപക്ഷീയമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ലോറി ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍ പറഞ്ഞു.