തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍.

അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ അപകടനില തരണം ചെയ്തുട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ വന്നതാണ് കുട്ടികള്‍. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.

വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വീണത്.