തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചു വിടുന്നു. ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടര്‍മാരാണു പിരിച്ചുവിടല്‍ പട്ടികയിലുള്ളത്. എല്ലാവരെയും പിരിച്ചു വിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഈ ആശുപത്രികളിലെ 252 നഴ്‌സുമാരെയും പിരിച്ചുവിടും. കൂടാതെ ലാബ് ടെക്‌നീഷ്യന്മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും റേഡിയോഗ്രഫര്‍മാരും ഉള്‍പ്പെടെ മുന്നൂറിലേറെ ജീവനക്കാരും പുറത്താക്കല്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ നിയമനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. ഇതില്‍ 251 പേര്‍ക്ക് നോട്ടിസ് നല്‍കി.

ഡിഎച്ച്എസിന് കീഴില്‍ ആകെ 6000 ഡോക്ടര്‍മാരും ഡിഎംഇയില്‍ ആകെ 2500 ഡോക്ടര്‍മാരാണുള്ളത്. ഡിഎച്ച്എസിലെ ഡോക്ടര്‍മാരില്‍ 412 പേര്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കാതെയാണു മുങ്ങിയത്. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിത്തുടങ്ങി. പലരും കൈപ്പറ്റുന്നില്ല. അതിനാല്‍ വീടിനു മുന്നില്‍ പതിക്കും. നോട്ടിസ് ലഭിച്ച 72 പേര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.