- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാര്‍; പരസ്യ ഖേദപ്രകടനവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍
മലപ്പുറം: സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന് സമസ്തയിലെ ലീഗ് വിരുദ്ധര്‍. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, എസ്വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംഘടനാ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമം തുടര്‍ന്നുവരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമര്‍ശങ്ങള്‍ സയിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങള്‍ക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങള്‍ കാരണമാവുകയും ചെയ്തതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. സംഘടനാ രംഗത്തെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്‍കൈയെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചര്‍ച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.
ചില പരാമര്‍ശങ്ങളില്‍ സാദിഖലി തങ്ങള്‍ക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതില്‍ സങ്കടമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചിരുന്നു. ചര്‍ച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാല്‍ സംഘടനക്കകത്തും സമുദായത്തിനകത്തും രജ്ഞിപ്പും ഒരുമയും അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയാറാണെന്നും ലീഗ് വിരുദ്ധര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുകയാണ് ഇപ്പോള്‍.