- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം; 'അശ്വമേധം 6.0' ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ; കോഴിക്കോ്ട്ടെ ക്യാമ്പയിന്‍ 2035 ടീമുകളിലായി പരിശീലനം ലഭിച്ച 4070 വോളന്റീയര്‍മാര്‍
കോഴിക്കോട്: കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കുന്ന അശ്വമേധം 6.0 ക്യാമ്പയിന്റെ മുന്നോടിയായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു.
ക്യാമ്പയിന്റെ വിജയത്തിന് എല്ലാ വകുപ്പുകളുടെ സഹകരണം അനിവാര്യമാണെന്ന് കളക്ടര്‍ അറിയിച്ചു. കുഷ്ഠരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ക്യാമ്പയിനെക്കുറിച്ചുള്ള പോസ്റ്റര്‍ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ കളക്ടര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
രണ്ടാഴ്ചത്തെ ക്യാമ്പയിന്‍ കാലയളവില്‍ ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി, കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുള്ള ഉപദേശം നല്‍കുകയും ചെയ്യും. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ചികിത്സയും ഉറപ്പ് വരുത്തും. ഭവന സന്ദര്‍ശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 2035 ടീമുകളിലായി 4070 വോളന്റീയര്‍മാരെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെ സന്ദര്‍ശനവേളയില്‍ വീട്ടിലുള്ള ആരുടെയെങ്കിലും ദേഹത്ത് കുഷ്ഠരോഗ സമാന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. നാട്ടില്‍ ഇപ്പോഴും കുഷ്ഠരോഗ0 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം.
ഡെപ്യൂട്ടി ഡി എം ഒ ഡോ. വി ആര്‍ ലതിക ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി കെ, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹന്‍ദാസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയില്‍ 25 കുഷ്ഠരോഗ കേസുകള്‍; നിര്‍മാര്‍ജ്ജനത്തില്‍ പുരോഗതി
കുഷ്ഠരോഗ കേസുകളുടെ നിര്‍മാര്‍ജ്ജനത്തില്‍ ജില്ലയില്‍ പുരോഗതി. 2024-25 വര്‍ഷം സംസ്ഥാനത്ത് 235 കുഷ്ഠരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍
കോഴിക്കോട് ജില്ലയില്‍ 25 എണ്ണമാണുള്ളത്. ഇത് 2023-24 വര്‍ഷം 55 ഉം 2022-23 ല്‍ 70 ഉം ആയിരുന്നു.
നിലവിലെ 25 കേസുകള്‍ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സംഖ്യയാണ്. പാലക്കാട് ജില്ലയില്‍ 50 ഉം കേസുകളും കണ്ണൂര്‍ ജില്ലയില്‍ 26 കേസുകളും ഉണ്ട്. ജില്ലയിലെ കേസുകളില്‍ 24 എണ്ണവും രോഗാണു സാന്ദ്രത കൂടിയതാണ് (MB-Multibacillary). ഒരു കേസ് രോഗാണു സാന്ദ്രത കുറഞ്ഞ (PB-Paucibacillary) വിഭാഗത്തില്‍പ്പെടുന്നു.
കുഷ്ഠം പൂര്‍ണമായും ഭേദമാക്കാം
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചശേഷം 3 മു തല്‍ 5 വര്‍ഷം വരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ രോഗം പകരുകയുള്ളൂ.
ചികിത്സ
വിവിധൗഷധ ചികിത്സ(Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ക്ക് 6 മാസത്തെ ചികിത്സയും രോഗാണു സാന്ദ്രത കൂടിയ കേസുകള്‍ക്ക് 12 മാസത്തെ ചികിത്സയും വേണം.