ഇടുക്കി: റിസര്‍വ് വനത്തില്‍ തോക്കുകളുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ കീഴടങ്ങി. മുറിഞ്ഞപുഴ വനം വകുപ്പ് ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ജനുവരി 13ന് പെരുവന്താനം പുറക്കയംവടകര വീട്ടില്‍ ഡൊമനിക് ജോസഫ് (53) നാടന്‍ തോക്കുമായി അറസ്റ്റിലായിരുന്നു.

വനം വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചില്‍ പെട്ട മുറിഞ്ഞപുഴ സ്റ്റേഷന്‍ പരിധിയിലെ റാന്നി റിസര്‍വ് വനത്തില്‍ തോക്കുകളുമായി നാല് പേരാണ് അതിക്രമിച്ച് കടന്ന് നായാട്ടിനു ശ്രമിച്ചത്. കൂട്ടുപ്രതികളായ മാത്യു സി എം, ചേട്ടയില്‍ വീട്, കണയന്‍കവയല്‍, പുറക്കയം, സൈജു, കുത്തുകല്ലുങ്കല്‍, കണയന്‍കവയല്‍, പുറക്കയം, സനീഷ്, തങ്കമണി എന്നിവരാണ് മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുനില്‍ കുമാറിന് മുമ്പില്‍ കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.