തിരുവനന്തപുരം: സ്‌കൂളുകളില്‍ മാസത്തില്‍ ഒരു പീരിയഡ് ലഹരി, മാലിന്യനിര്‍മാര്‍ജനം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മാറ്റിവെക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിരന്തരമൂല്യനിര്‍ണയത്തിന് അധ്യാപകര്‍ നല്‍കുന്ന 20 മാര്‍ക്കില്‍ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളില്‍ മാതൃകാപ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനനല്‍കുമെന്നും മന്ത്രി അറിയിച്ചു. അന്‍വര്‍ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിനല്‍കുകയായിരുന്നു മന്ത്രി.

അധ്യാപകര്‍ക്കും പരിശീലനം നല്‍കും. യു.പി., ഹൈസ്‌കൂള്‍ ക്ലാസുകളിലെ അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം, ഉറുദു, അറബിക് പുസ്തകങ്ങളില്‍ ലഹരിവിരുദ്ധ പാഠഭാഗങ്ങളുണ്ട്. ഈ അക്കാദമിക് വര്‍ഷം പരിഷ്‌കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലും ഇത് ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.