ബെംഗളൂരു: ഐടി ജീവനക്കാരനെ ഒരു മാസത്തോളം ഡിജിറ്റല്‍ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. 3.75 കോടി രൂപ തിരിച്ചുപിടിച്ചു. രണ്ട് ഗുജറാത്ത് സ്വദേശികളും ഒരു ഡല്‍ഹി സ്വദേശിയുമാണു പിടിയിലായത്. ഒരു മാസത്തോളം ഡിജിറ്റല്‍ അറസ്റ്റിലാക്കി പണം തട്ടിയെന്നു ബെംഗളുരു സ്വദേശി കെ.എസ്.വിജയ്കുമാര്‍ നല്‍കിയ പരാതിയിലാണു നടപടി.

വിജയ്കുമാറിന്റെ രേഖകള്‍ ഉപയോഗിച്ച് ആറു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടന്നതിനു കേസ് രജിസ്റ്റര്‍ ചെയ്തതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു പ്രതികള്‍ വിജയ്കുമാറിനെ ബന്ധപ്പെട്ടത്. മുംബൈയിലേക്കു വരാന്‍ ആവശ്യപ്പെട്ടാണ് വിളിച്ചത്. വിസമ്മതിച്ചപ്പോള്‍ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചു.

വെര്‍ച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയെന്ന പേരില്‍ വ്യാജ കോടതി സജ്ജീകരിച്ച് വിചാരണ ചെയ്തു. ഇതിനിടെ പല തവണ പണം നല്‍കി. ഒരു മാസത്തിനു ശേഷം കേസിനെക്കുറിച്ച് സംസാരിക്കാന്‍ വിജയ്കുമാര്‍ ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.