- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗമുദി 'ജനരത്‌ന' പുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്
കൗമുദി 'ജനരത്‌ന' പുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്
കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ 'ജനരത്‌ന' പുരസ്‌കാരം സാമൂഹ്യ പ്രവര്‍ത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍,മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയിലെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ നടത്തിപ്പു ചുമതലകള്‍ നിര്‍വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി എന്ന നിലയില്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മികവും ഗുണനിലവാരവും വൈവിധ്യവുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് കൗമുദി ഭാരവാഹികള്‍ അറിയിച്ചു.
ജനകീയാസൂത്രണം മുന്നോട്ടു വെക്കുന്ന വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് വയനാട്ടില്‍ കൂടുതല്‍ അവബോധവും ജാഗ്രതയും സൃഷ്ടിക്കുന്നതില്‍ ജുനൈദിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതല്‍ ജനങ്ങളെയും പ്രദേശങ്ങളെയും സ്ഥാപനങ്ങളെയും പദ്ധതി നിര്‍വഹണത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക വഴി, ജനകീയാസൂത്രണത്തിന്റെ താല്പര്യങ്ങളെ പ്രാദേശിക തലത്തില്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന വികസന പദ്ധതികള്‍ സഹായകമായി. ഭൗതിക സാഹചര്യങ്ങളുടെ വികസനം എന്നതിലപ്പുറം പ്രാദേശിക വികസനത്തെ കുറിച്ച് കൂടുതല്‍ വിപുലമായ കാഴ്ചപ്പാടുകള്‍ താഴേത്തട്ടില്‍ രൂപീകരിക്കുന്നതിലും തുടര്‍ പദ്ധതികളില്‍ ഇവയുടെ പ്രതിഫലനം സൃഷ്ടിക്കുന്നതിലും ജുനൈദ് കൈപ്പാണി നിര്‍വഹിക്കുന്ന നേതൃപരമായ പങ്കാളിത്തം ജനകീയാസൂത്രണത്തിലെ മികച്ച മാതൃകയാണെന്നും കേരള കൗമുദി- കൗമുദി ടി വി ഭാരവാഹികള്‍ പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്തില്‍ വെള്ളമുണ്ട ഡിവിഷന്‍ പ്രതിനിധീകരിക്കുന്ന ജുനൈദ് കൈപ്പാണി ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറിയും നിരവധിസാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ചുമതലകളും വഹിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രസംഗ പരിശീലനം നല്‍കുന്ന ലെറ്റ്‌സ് സ്‌കൂള്‍ ഓഫ് പബ്ലിക് സ്പീക്കിങ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനാണ്. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യം ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കര്‍ പുരസ്‌കാരം, മാതൃകാ പൊതുപ്രവര്‍ത്തകനുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി അംഗീകാരങ്ങളും നേരത്തേ നേടിയിട്ടുണ്ട്. ജനകീയാസൂത്രണം, വ്യക്തിത്വവികസനം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
കേരളകൗമുദിയുടെ 113-ാംവാര്‍ഷികവും കൗമുദി ടി.വിയുടെ പതിനൊന്നാം വാര്‍ഷികവും പ്രമാണിച്ച് കോഴിക്കോട് ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങും ആഘേഷ പരിപാടികളും സംഗീതനിശയും പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. ഷിറാസ് ജലാല്‍ (ജനറല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ്, കേരളകൗ മുദി), അയ്യപ്പദാസ് (ജനറല്‍ മാനേജര്‍, കേരളകൗമുദി), രജീഷ്. കെ.വി (കൗമുദി ടി.വി നോര്‍ത്ത് സോണ്‍ ഹെഡ്) തുടങ്ങിയവര്‍ സംബന്ധിച്ചു.