കോയമ്പത്തൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന 67കാരി മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മിയാണ് മരിച്ചത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.

അയല്‍പക്കത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.