വയനാട്: വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ പരമ്പരാഗത രീതികളല്ല വേണ്ടത്, ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. ഇക്കാര്യത്തില്‍ നാല് വര്‍ഷമായി ചെയ്യേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. എന്നിട്ട് നയപ്രഖ്യാപനത്തില്‍ വന്യജീവി ആക്രമണം കുറഞ്ഞെന്ന് കള്ളം എഴുതിവച്ചു.

പല തവണ പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉയര്‍ത്തിയതാണ്. എന്നാല്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. മലയോര ജനതയെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.