- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്നം; പലയിടത്തും വനംവാച്ചര്‍മാരുടെ കുറവ്; കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും; കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക ഗാന്ധി എം പി
വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്നം: പ്രിയങ്ക ഗാന്ധി എം പി
കല്‍പറ്റ: വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
''കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. രാധ മാത്രമല്ല, മറ്റു മൂന്നു പേര്‍ കൂടി ഈ മാസം വന്യജീവി ആക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചര്‍മാരുടെ കുറവുണ്ട്. രാധയുടെ ഭര്‍ത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ടു പ്രശ്‌നങ്ങളുണ്ട്. വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിനു കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. വന്യമൃഗ ആക്രമണം വലിയ പ്രശ്‌നമാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടതുണ്ട്. ഒപ്പം വനവും പരിസ്ഥിതിയും സംരക്ഷിേക്കണ്ടതുണ്ട്.'' പ്രിയങ്ക ഗാന്ധി പറഞ്ഞു.
മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്ത വലിയ പ്രശ്നമായി നിലകൊള്ളുകയാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഇത് പെടുത്തും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും.
പ്രിയദര്‍ശിനി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വന പ്രശങ്ങളിലും തദ്ദേശീയരായ കൂടുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയോഗിക്കണം. ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം. കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം വിശ്രമമില്ലാതെ ജോലി ചെയ്യണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കടുവാ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ മകന് സ്ഥിരം ജോലി നല്‍കണം. ഇതിന് മുമ്പ് വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സ്ഥിരം ജോലി നല്‍കാത്തവര്‍ക്കും സ്ഥിരം ജോലി നല്‍കണം. വന്യ ജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുത്ത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോവും. മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്. ഫണ്ടില്ലാത്തതുകൊണ്ട് ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. മുന്‍ഗണന നിശ്ചയിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
കെ.സി.വേണുഗോപാല്‍ എംപി, ടി.സിദ്ദിഖ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയില്‍ കടുവ കൊന്ന രാധയുടെ വീടും ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.