കുമളി: ചക്കുപള്ളം സ്വദേശിയില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ രണ്ടേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ ഇടുക്കി സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ആയില്യംവീട്ടില്‍ ടി.എം. ബിനോയ് (44) ആണ് അറസ്റ്റിലായത്. മികച്ച ലാഭമുണ്ടാക്കാമെന്ന വാഗ്ദാനം നല്‍കി വിവിധ അക്കൗണ്ടുകളിലേക്ക് തുക അയപ്പിച്ചായിരുന്നു തട്ടിപ്പ്.

ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടുക്കി ഡി.സി.ആര്‍.ബി, ഡിവൈ.എസ്.പി., കെ.ആര്‍. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. സൈബര്‍ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.എ., എസ്.ഐ.മാരായ ടൈറ്റസ് മാത്യു, അനില്‍കുമാര്‍, എ.എസ്.ഐ. സന്തോഷ് വര്‍ഗീസ്, പോലീസ് ഓഫീസര്‍മാരായ സന്ദീപ്, പ്രത്യുക്ഷ് എം, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.