ആലപ്പുഴ: വള്ളികുന്നത്തു പേപ്പട്ടിയുടെ കടിയേറ്റ് നാല് പേര്‍ക്കു പരുക്കേറ്റു. വള്ളികുന്നം പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70) എന്നിവര്‍ക്കാണ് കടിയേറ്റത്.

പരുക്കേറ്റ ഗംഗാധരന്‍, രാമചന്ദ്രന്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹരികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിലും മറിയാമ്മ രാജനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറിയാമ്മയുടെ മുഖത്തും ചുണ്ടിനുമാണ് ആഴത്തില്‍ കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരന്‍, മറിയാമ്മ, രാജന്‍ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. രാമചന്ദ്രന്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

അയല്‍പക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചിറി, മുഖം എന്നിവിടങ്ങള്‍ കടിച്ചു പറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്.

ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മേഖലയില്‍ തെരുവ് നായകള്‍ ഉള്‍പ്പടെ ഒട്ടധികം വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.