- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു; കുടിവെള്ള കണക്ഷനുകള്‍ 23 ശതമാനത്തില്‍ നിന്ന് 54 ശതമാനമാക്കി ഉയര്‍ത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ആലപ്പുഴ : ഈ സര്‍ക്കാര്‍ വന്നതിനുശേഷം ശുദ്ധജല കണക്ഷനുകള്‍ ഇരുപത്തിമൂന്ന് ശതമാനത്തില്‍ നിന്ന് 54 ശതമാനം ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളത്തില്‍ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഭൂഗര്‍ഭജലം കുറയുന്നതാണ് കാരണം. എന്നാല്‍ ആശങ്കയ്ക്ക് കാര്യമില്ലെന്നും ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ സംസ്ഥാനം വിജയകരമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിലെ പെരുന്തുരുത്തുകരി പാടശേഖരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനംഎലിപ്പനം ചിറയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി.
പി പി ചിത്തിരഞ്ജന്‍ എംഎല്‍എയുടെ ആവശ്യപ്രകാരം കരുവേലി പാടശേഖരത്തിന് 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്തില്‍ 66.80 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന പെരുംതുരുത്തുകരി പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇറിഗേഷന്‍ വകുപ്പ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് ധനസഹായത്തില്‍ 625 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തിയില്‍ പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെയുള്ള ചാലിന്റെ 1270 മീറ്റര്‍ ചെളി നീക്കല്‍, ചാലിന്റെ വശത്ത് 1700 മീറ്റര്‍ നീളത്തില്‍ ബണ്ട് നിര്‍മ്മാണം, കൂടാതെ കൃഷിയ്ക്ക് ആവശ്യമായ വിത്ത്, വളം, യന്ത്രങ്ങള്‍ തുടങ്ങിയവ എത്തിക്കുന്നതിന് ചാലിന്റെ മറുവശത്തുകൂടി 1700 മീറ്റര്‍ നീളത്തില്‍ റോഡ്, ചാലിന്റെ വശങ്ങളുടെ സംരക്ഷണത്തിനായി 1650 മീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലുമായി കല്‍ക്കെട്ട് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും ചാലിന്റെ ആരംഭത്തില്‍ 25 മീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലുമായി കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 18 മാസമാണ് പ്രവര്‍ത്തിക്കുള്ള കാലാവധി.
ചടങ്ങില്‍ പി.പി.ചിത്തരഞ്ജന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 49 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
40 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു
ഈ സര്‍ക്കാര്‍ വന്നതിനുശേഷം 40 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 17 ലക്ഷം കുടുംബങ്ങളില്‍ മാത്രം ശുദ്ധജലം എത്തിച്ചിരുന്ന സ്ഥാനത്താണ്
ഇത്രയും കണക്ഷനുകള്‍ കുറഞ്ഞ കാലയളവില്‍ നല്‍കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഭൂഗര്‍ഭജലം കുറയുന്നതാണ് കാരണം. എന്നാല്‍ ഇത് ആശങ്കയ്ക്ക് കാര്യമല്ലെന്നും ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ സംസ്ഥാനം വിജയകരമായി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ കാട്ടൂരില്‍ 6.22 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉന്നതതല വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനവും 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2026 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.