അടൂര്‍: കുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കൊടുത്തു മര്‍ദിച്ചുവെന്ന മൊഴി കളവെന്ന് പോലീസ്. കുട്ടിയുടെയും പിതാവിന്റെയും മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ രണ്ടിന് രാത്രി ഒമ്പതു മണിയോടെ വീടിനു മുന്നില്‍ നിന്ന 12 വയസുകാരനെ കാറില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോയി മദ്യം നല്‍കി മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി.

ഏഴംകുളം തൊടുവക്കാട് തേപ്പുപാറ കാവാടിയിലെ വീടിനു മുന്നില്‍ നിന്ന കുട്ടിയെ എട്ടുപേരടങ്ങുന്ന സംഘം മാരുതി കാറിലെത്തി ബലമായി പിടിച്ചു കൊണ്ടുപോയെന്നായിരുന്നു പരാതി. ഇതുപ്രകാരം പോലീസ് കുട്ടിയുടെ വിശദമായ മൊഴിരേഖപ്പെടുത്തി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണമാണ് നടത്തിയത്. കുട്ടിയുടെ പിതാവ്, ബന്ധുക്കള്‍ തുടങ്ങി നിരവധി പേരില്‍ നിന്നും പോലീസ് സംഘം മൊഴിയെടുത്തു.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു. നിജസ്ഥിതി അറിയുന്നതിന് ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് മദ്യം നല്‍കിയതായുള്ള മൊഴി കളവാണെന്ന് പോലീസ് അറിയിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടറോടും മറ്റും പോലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടിക്ക് ആരെങ്കിലും മദ്യമോ മറ്റ് ഏതെങ്കിലും ലഹരിവസ്തുവോ നല്‍കിയിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.